മനുഷ്യരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണു സ്വന്തമായി ഒരു വീടുണ്ടാകുക എന്നത്. എന്നാൽ വീടു പണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലർക്കും അജ്ഞാതമാണ്. വസ്തു വാങ്ങുമ്പോൾ മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടു നിർമാണത്തിലെ അനാവശ്യ നൂലാമാലകൾ ഒഴിവാക്കാം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
.നിലം , ഡ്രൈ ലാൻഡ് എന്നിങ്ങനെ പല വിഭാഗങ്ങളിലായാണ് വസ്തു റജിസ്റ്റർ ചെയ്തിരിക്കുക. നിലം എന്നെഴുതിയിരിക്കുന്ന വസ്തുവിൽ നിർമാണ പ്രവർത്തനങ്ങൾക്കു സർക്കാർ അനുമതി നൽകില്ല. നിർമാണത്തിനു യോഗ്യമായ വസ്തുവാണോ വാങ്ങിക്കുന്നതെന്ന് ഉറപ്പാക്കുക.
∙നമ്മൾ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് പണിസാധനങ്ങൾ എത്തിക്കാൻ കഴിയുന്ന വഴിയുണ്ടെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ ചുമട്ടുകൂലിയായി തന്നെ ഒരുപാട് തുക അധിക ചെലവാകും.
∙വീട് പണിയുന്നത് ഒരിക്കലും മറ്റുള്ളവരെ കാണിക്കാനാവരുത്. വീട്ടുകാരുടെ ആവശ്യത്തിനും സൗകര്യത്തിനും പ്രഥമ പരിഗണന നൽകി വേണം വീടിന്റെ പ്ലാൻ തയാറാക്കാൻ. പ്ലാൻ തയാറാക്കുന്ന ആർക്കിടെക്ട് അല്ലെങ്കിൽ എഞ്ചിനിയറുടെ അനുഭവ പരിചയം കണക്കിലെടുക്കുക. നിങ്ങളുടെ ചില ആശയങ്ങൾ ആ വീടിനു ചേരുന്നതല്ലെങ്കിൽ വിദഗ്ധരുടെ അഭിപ്രായം കേട്ട് അതു തിരുത്താൻ തയാറാകുക.
∙ഫർണിച്ചർ ലേ ഔട്ട് പ്ലാനിൽ തന്നെ ഉൾപ്പെടുത്തുക. വീടു പണിത ശേഷം ഫർണിച്ചർ ഇടാനുള്ള സ്ഥലം നോക്കുമ്പോൾ ചിലപ്പോൾ ജനലിനോട് ചേർന്നായിരിക്കും സൗകര്യം ലഭിക്കുക. ജനൽ തുറക്കാനും അടയ്ക്കാനും പ്രയാസമാകും. അല്ലെങ്കിൽ വലിയ വാർഡ്രോബിനു മുന്നിൽ ഫർണിച്ചർ ഇടേണ്ടിവരും. ആ വാർഡ്രോബ് ഉപയോഗ ശൂന്യമാകുകയും ചെയ്യും. ഇതെല്ലാം ഒഴിവാക്കാൻ പ്ലാനിൽ ഫർണിച്ചർ ലേ ഔട്ട് കൃത്യമായി അടയാളപ്പെടുത്തുക.
∙പ്ലാനിൽ തന്നെ പ്ലഗ് പോയിന്റ് കൃത്യമായി രേഖപ്പെടുത്തുന്നത് പിന്നീടുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാം.
∙ പ്ലാൻ കിട്ടിക്കഴിഞ്ഞാൽ പഞ്ചായത്ത്്/ മുനിസിപ്പാലിറ്റിയിൽ നിന്ന് അതിന്റെ അംഗീകാരം നേടുക. മുൻവശത്ത് ഏത്ര മീറ്റർ വിടണം എന്നത് ഉൾപ്പെടെ കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി നിയമങ്ങൾ കൃത്യമായി പാലിക്കാതെ കെട്ടിടം പണിതാൽ അതു പിന്നീട് പൊളിച്ചു മാറ്റേണ്ടി വരും.

∙വീടു പണിയുടെ കോൺട്രാക്ട് കൊടുക്കുമ്പോൾ ആ കോൺട്രാക്ടർ അല്ലെങ്കിൽ എഞ്ചിനിയർ ചെയ്ത കുറച്ചു വീടുകൾ ചെന്ന് കാണുക. അതിലുപരി ആ വീട്ടുകാരോട് അദ്ദേഹത്തിന്റെ പണിയെ കുറിച്ചു കൃത്യമായി അന്വേഷിക്കുക. കൃത്യ സമയത്ത് പണി കഴിഞ്ഞോ ബഡ്ജറ്റിൽ തീർന്നോ തുടങ്ങിയ കാര്യങ്ങൾ ഇങ്ങനെ മനസിലാക്കാം.
∙ കോൺട്രാക്ടറെ ഏൽപ്പിക്കാതെ പണിക്കാരെ വച്ചു സ്വന്തമായി വീടു പണിക്കുകയാണെങ്കിൽ അതിനു വേണ്ടി കൂടുതൽ സമയം കണ്ടെത്തുക. ഇടയ്ക്കിടെ സ്ഥലത്തെത്തി പണി കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മെറ്റീരിയൽസിനെ കുറിച്ചു വ്യക്തമായി പഠിച്ച ശേഷം വാങ്ങിക്കുക.അല്ലെങ്കിൽ ഉറപ്പായും പറ്റിക്കപ്പെടും.