Ajay Shankar- Interior consultant
വീട് നമ്മുടെ സ്വകാര്യ ഇടമാണ്. ഓഫിസോ, അമ്യൂസ്മെന്റ് പാർക്കോ അല്ല. കെട്ടുകാഴ്ചകളാവരുത് അലങ്കാരങ്ങൾ. വീടുമായി ഇഴുകിച്ചേർന്നിരിക്കണം. ജീവിതം മുഴുവൻ നമ്മൾ താമസിക്കുന്ന ഇടത്തിൽ ഏറ്റവും കംഫർട്ടബിളായ ഇന്റീരിയറായിരിക്കണം ചെയ്യേണ്ടത്. വീടിന്റെ ക്യാരക്ടർ മനസ്സിലാകും, അകത്തളം കണ്ടുകഴിഞ്ഞാൽ..
ലിവിങ്ങ് റൂമിൽ വലിപ്പമുള്ള ഫർണിച്ചറുകൾ ഇടാനാണ് പൊതുവെ ആളുകൾക്ക് താല്പര്യം . എന്നാൽ മുറിയുടെ വലിപ്പത്തിനു യോജിക്കാത്ത വിധം ഫർണിച്ചർ ഇട്ടാൽ അത് പിന്നീട് മാറ്റി വയ്ക്കണം എന്നു തീരുമാനിച്ചാലും സാധിക്കില്ല. ഒരു വീട്ടിൽ കഴിയുന്നത് വിരലിലെണ്ണാവുന്ന ആളുകളാണ്. വല്ലപ്പോഴുമെത്തുന്ന അതിഥികളെ കണക്കിലെടുത്ത്, ആവശ്യത്തിലധികം ഫർണിച്ചറുകൾ വാങ്ങി നിറക്കുന്നത് നല്ലതല്ല. മുറിയുടെ വലുപ്പമനുസരിച്ചുള്ള സെറ്റിയും കസേരകളും തിരഞ്ഞെടുക്കുക.
ലിവിങ് റൂം സംസാരിക്കാനും അതിഥികളെ സ്വീകരിക്കാനും ഉള്ളതാണ്. അവിടെ ടെലിവിഷൻ വച്ചാൽ ഒരുപക്ഷേ സുഗമമായി സംസാരിക്കാൻ കഴിഞ്ഞെന്നു വരില്ല. വീട്ടിൽ സൗകര്യം ഉണ്ടെങ്കിൽ ടെലിവിഷൻ മറ്റെവിടെയെങ്കിലും വയ്ക്കുന്നതാണ് ഉചിതം. അതിനായി ഒരു ഫോർമൽ ലിവിങ് സെറ്റ് ചെയ്യാം പുറത്തുനിന്നുള്ളവർ വന്നിരിക്കുന്ന ഇടമാണ് ലിവിങ്. അതിനാൽ മറ്റു മുറികളുടെ സ്വകാര്യതയെ ശല്യപ്പെടുത്താത്ത ഇടത്തായിരിക്കണം ലിവിങ് റൂം പ്ലാൻ ചെയ്യേണ്ടത്.
ബെഡ്റൂമിൽ മിനിമം ലൈറ്റുകൾ ഉപയോഗിക്കുക. കൂൾ ലൈറ്റുകളാണ് നല്ലത്. ജനാലകളോട് ചേർന്ന് കട്ടിൽ ഇടാതിരിക്കുന്നതാണ് സുരക്ഷിതം. ഡൈനിങ് ഹാൾ അറേഞ്ച് ചെയ്യുമ്പോൾ, വാഷ് ബേസിന് സമീപത്ത് ഡൈനിങ് ടേബിൾ ഇടാതിരിക്കുക. ഫ്ളോറിങ് ചെയ്യുമ്പോൾ വീടു മുഴുവൻ ഒരേ ടൈൽസ്/മാർബിൾ ഉപയോഗിക്കാതിരിക്കുക. ടൈലോ മാർബിളോ കട്ട് ചെയ്ത് മുറിയുടെ അരികുകൾക്ക് മറ്റൊരു സ്റ്റൈൽ കൊടുത്താൽ ഫിനിഷിങ് വരും. കാർപ്പെറ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നമ്മുടെ കാലാവസ്ഥയിൽ പെട്ടെന്ന് പൊടിപിടിക്കും. ടൈൽസിൽ തന്നെ കാർപ്പെറ്റിന്റെ ഡിസൈനിൽ പരീക്ഷിക്കാം. ഗ്ലെയ്സ്ഡ് ആയ ടൈൽസ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഗ്രിപ്പുള്ള ടൈലുകളാണ് സുരക്ഷിതം. വീട്ടിൽ ചെറിയൊരു നടുത്തളം പലരും നിർമിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ഓർക്കാതെയോ, ശ്രദ്ധിക്കാതെയോ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എപ്പോഴും ഒരേ ലെവൽ ഫ്ളോറിങ് ആണ് സുരക്ഷിതം. അല്ലെങ്കിൽ കൃത്യമായി ആ വേർതിരിവ് മനസിലാക്കും വിധം ഡിസൈൻ ചെയ്യുക .
ബാത്ത്റൂമിൽ ഗ്ലാസ് ക്യുബിക്കിൾ നിർമിക്കുമ്പോൾ അതു വൃത്തിയായി സൂക്ഷിക്കും എന്ന് ഉറപ്പുവരുത്തണം. സോപ്പും എണ്ണയുമെല്ലാം പടർന്ന് ഗ്ലാസിൽ പെട്ടെന്ന് പൂപ്പൽ പിടിക്കാൻ സാധ്യതയുണ്ട്. യൂറോപ്യൻ ഡിസൈനിങ്ങിൽ ഇപ്പോൾ പലരും ബാത്ത് ടബ്ബും ഉപയോഗിക്കാറില്ല.
വീടിന് ആവശ്യമുള്ള വലുപ്പത്തിൽ മാത്രമേ അടുക്കള നിർമിക്കേണ്ടതുള്ളൂ. വീട്ടിൽ എത്ര ആളുകളുണ്ടോ അതിനനുസരിച്ചുള്ള വലുപ്പമാണ് അടുക്കളയ്ക്ക് വേണ്ടത്. ആവശ്യം അറിഞ്ഞുവേണം അടുക്കളയോട് ചേർന്ന് സ്റ്റോർ റൂം നിർമിക്കാൻ. കാരണം ഒരു ശരാശരി കുടുംബത്തിൽ ഏറിയാൽ ഒരു മാസത്തെ സാധനങ്ങളായിരിക്കും വാങ്ങി വയ്ക്കുക . അതിന് പ്രത്യേകം സ്റ്റോർ വേണമോ എന്ന് ആലോചിക്കണം. അടുക്കളയിൽ ആവശ്യത്തിന് വെളിച്ചവും വെന്റിലേഷനും കിട്ടുന്ന രീതിയിൽ ജനാലകൾ സ്ഥാപിക്കുക.
സീലിങ്ങിൽ പതിക്കുന്ന ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ ഇളകിവീഴാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ സൂക്ഷിച്ചുവേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ.
3 Comments
Praveen
11 സെൻറ് സ്ക്വയർ പ്ലോട്ടിൽ 2200 അടി വിസ്തീർണ്ണമുള്ള ഒരു കണ്ടംബറി വീട് വീട് പണിയണം എന്നുണ്ട് വസ്തു രജിസ്ട്രേഷൻ കഴിഞ്ഞതേയുള്ളൂ മറ്റു പേപ്പർ വർക്കുകൾ പുരോഗമിക്കുന്നു
മിതമായ നിരക്കിൽ നല്ല ഒരു പ്ലാൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള ചാർജ് എത്രയാകും ഇതുകൂടാതെ പൊൻകുന്നം ഭാഗത്ത് ഈ പ്ലോട്ടിൽ വീട് നിർമ്മിക്കുവാൻ ആരെയെങ്കിലും ശുപാർശ ചെയ്യുവാൻ ഉണ്ടോ
Ajay Sankar
all the best bro..
Ajay Sankar
njan construction works cheyyunna alalla..only interior consulting…