ഒരു വീടിന്റെ അകവും പുറവും ഭംഗി കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അതിന്റെ പെർഫെക്റ്റ് പെയിന്റിംഗ്.നന്നായി കുളിച്ചൊരുങ്ങിയ ശേഷം നമുക്ക് ചേരാത്ത വസ്ത്രം ധരിച്ചാൽ മതി അത്രയും നേരം ഉണ്ടായിരുന്ന ഭംഗി പോകാൻ. അതുപോലെ ആണ് പെയ്ന്റിങ്ങിന്റെ കാര്യവും . ഒരുപാട് പണം മുടക്കി ഭംഗിയിൽ ഒരു വീട് പണിതിട്ട് മോശം രീതിയിൽ പെയിന്റ് ചെയ്താൽ ആ വീടിനു കാഴ്ചയിൽ അഭംഗിയാകും.
വീടിനും അന്തരീക്ഷത്തിനും പൂർണമായി യോജിച്ച നിറത്തിൽ വേണം പെയിന്റ് ചെയ്യാൻ . വീടിനു ചേരുന്ന ശരിയായ നിറങ്ങൾ തിരഞ്ഞെടുത്താൽ തന്നെ വീടിന്റെ സൗന്ദര്യവും ആകർഷണീയതയും കൂടും .

വീട് പെയിന്റ് ചെയ്യുന്നത് പ്രധാനമായും 5 ഘട്ടമായാണ്
1 .പെയിന്റിങിലെ ആദ്യഘട്ടം പ്രൈമർ ഉപയോഗിക്കുക എന്നതാണ് . ഭിത്തികളിൽ പ്രൈമറി ഉപയോഗിച്ചശേഷം പെയിന്റ് ചെയ്യുന്നത് ടോപ് കോട്ടിനു മികച്ച ഫിനിഷ് നൽകുകയും അത് ദീർഘകാലം നിലനിൽക്കാൻ സഹായിക്കുകയും ചെയ്യും. ചെറിയ സുഷിരങ്ങൾ വരെ അടഞ്ഞു പോകാൻ പ്രൈമർ സഹായിക്കും . എക്സ്റ്റീരിയർ , ഇന്റീരിയർ പ്രൈമർ പ്രത്യേകം ഇടാൻ ശ്രദ്ധിക്കണം
2 . രണ്ടാമത്തെ ഘട്ടമാണ് പുട്ടി ഇടൽ. ഏതു വീടിന്റെയും ഫിനിഷിങ് അതിന്റെ പൂട്ടി വർക്കിലാണ് .നിരപ്പല്ലാത്ത പ്രതലങ്ങൾ ആദ്യ കോട്ട് പുട്ടിയിടുമ്പോൾ നിരപ്പാകും. ആദ്യ കോട്ട് പുട്ടി ഒരേ ലെവലിൽ ആയ ശേഷം മാത്രമേ രണ്ടാമത്തെ കോട്ട് പൂട്ടി ഇടാൻ പാടുള്ളൂ . വൈറ്റ് സിമന്റ് ബേസ്ഡ് ആയുള്ള പറ്റിയാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുക . അതുകൊണ്ടു തന്നെ പ്രൈമറി അടിക്കാതെയും ആളുകൾ ഇപ്പോൾ പുട്ടിയിടാറുണ്ട്. എന്നാൽ നല്ല പരുക്കാനായുള്ള പ്രതലങ്ങളിൽ പ്രൈമറി അടിക്കേണ്ടത് നിര്ബന്ധമാണ്.
3 . പുട്ടി ഇട്ടശേഷം പ്രതലം പേപ്പർ ഇട്ടു മിനുസപ്പെടുത്തണം . നേരത്തെ കൈയ് വച്ചായിരുന്നു പേപ്പർ പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ അതിനു മെഷീൻ വന്നിരിക്കുന്നു . അതിനാൽ മുമ്പത്തേക്കാൾ വേഗത്തിൽ പണി തീർക്കാൻ സാധിക്കും
4 തുടർന്ന് ആദ്യ കോട്ട് എമൽഷൻ അടിക്കുക. എക്സ്റ്റീരിയറിനും ഇന്റീരിയറിനും പ്രത്യേകം എമൽഷൻ തിരഞ്ഞെടുക്കുക. ലെഡ് , മെർക്കുറി പോലെ അപകടകരമായ ആന്റി ഫംഗസ് രാസ ഘടകങ്ങൾ എക്സ്റ്റീരിയർ എമൽഷനിൽ കാണും . അത് ഇന്റീരിയർ എമൽഷനായി ഉപയോഗിച്ചാൽ കുട്ടികളിൽ സ്കിൻ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
5.ഇലക്ട്രിക്കൽ ,പ്ലംബിംഗ് ജോലികൾ പൂർത്തിയായ ശേഷം രണ്ടാം ഘട്ട എമൽഷൻ അടിക്കുക. മുഴുവൻ ലൈറ്റുകൾ വന്ന ശേഷമായിരിക്കും രണ്ടാം ഘട്ട എമൽഷൻ അടിക്കുന്നത് .
എക്സ്റ്റീരിയർ , ഇന്റീരിയർ പെയിന്റുകൾ വിപണിയിൽ ലഭ്യമാണ്. ഇന്റീരിയർ പെയിന്റുകൾക്കാണ് എക്സ്റ്റീരിയറിനെ അപേക്ഷിച്ചു വിലക്കൂടുതൽ. വിലകൂടിയാലും ക്വാളിറ്റി നോക്കി പെയിന്റ് തിരഞ്ഞെടുത്താൽ അത് കൂടുതൽ കാലം ഈട് നിൽക്കും . നമ്മൾ പരിപാലിക്കും പോലെ ആയിരിക്കും ഏതൊരു വീടിന്റെയും നിലനിൽപ്പ്.പെയിന്റിന്റെ കാര്യത്തിലും ഇത് ബാധകമാണ്. കുറഞ്ഞത് ഒന്നര വർഷം കൂടുമ്പോൾ വീട് കഴുകുകയാണെങ്കിൽ പെയിന്റ് കൂടുതൽ കാലം നിറം മങ്ങാതെയും പായലും പൂപ്പലും പിടിക്കാതെയും ഇരിക്കും.വാട്ടർപ്രൂഫ് പെയിന്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വീടിന്റെ പുറം ഭിത്തിക്ക് അത് തിരഞ്ഞെടുക്കുകയാണെങ്കിൽ ഈർപ്പം ഉള്ളിൽ കയറാതെ ഇരിക്കും. വീടിന്റെ പ്രകൃതം അനുസരിച്ചു വീടിനുള്ളിൽ കൂടുതൽ വെളിച്ചം തോന്നുന്ന രീതിയിൽ പെയിന്റ് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക