മനുഷ്യരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണു സ്വന്തമായി ഒരു വീടുണ്ടാകുക എന്നത്. എന്നാൽ വീടു പണിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇന്നും പലർക്കും അജ്ഞാതമാണ്. വസ്തു വാങ്ങുമ്പോൾ മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടു നിർമാണത്തിലെ അനാവശ്യ നൂലാമാലകൾ ഒഴിവാക്കാം
വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു വസ്തുവിന്റെ അടിസ്ഥാന രേഖ അഥവാ അതിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയാണ് അതിന്റെ ആധാരം . വസ്തു വാങ്ങുന്നതിനു മുൻപ് തന്നെ അതിന്റെ ഒറിജിനൽ ആധാരം കണ്ടു ബോധ്യപ്പെടേണ്ടതുണ്ട്. കുടുംബപരമായി അച്ഛൻ മക്കൾക്കോ മകനോ കൊടുത്ത വസ്തു, വിൽപത്രം വഴി കിട്ടിയ വസ്തു തുടങ്ങിയവയിൽ മാതാപിതാക്കൾക്ക് ലൈഫ് ഇന്ററസ്റ്റ് ( ജീവിതാവസാനം വരെ അനുഭവാവകാശം) പറഞ്ഞിട്ടുണ്ടാകും. ചിലപ്പോൾ ഭാഗപത്രങ്ങളിൽ ചില കക്ഷികൾ ഒപ്പിടാതെ ഉണ്ടാകും , ചില കേസുകളിൽ ഏതെങ്കിലും കക്ഷികൾ പ്രായപൂർത്തിയായിട്ടില്ലെങ്കിൽ അവരുടെ അവകാശം സംരക്ഷിക്കപെടാതെ ഇരിപ്പുണ്ടാകും ഇത്തരത്തിൽ എന്തെങ്കിലും കാര്യങ്ങൾ നിലനിൽക്കുന്ന വസ്തു വാങ്ങുമ്പോൾ അത് ഭാവിയിൽ നിങ്ങൾക്ക് ദോഷകരമായി ബാധിയ്ക്കില്ലെന്നു ഉറപ്പാക്കണം.
ചില വസ്തുക്കളിൽ ഏതെങ്കിലും വഴിയോ കിണറോ മറ്റോ പൊതുവായി ഉപയോഗിക്കണം എന്ന കരാർ ഉള്ളതാണെങ്കിൽ അതു പിന്നീട് പ്രശ്നമാകില്ല എന്ന് വ്യക്തമായി ബോധ്യമായ ശേഷം വേണം വസ്തു വാങ്ങിക്കാൻ .
നമ്മൾ ആരുടെ കൈയിൽ നിന്നാണോ വസ്തു വാങ്ങുന്നത് അയാൾക്ക് ആ വസ്തുവിലുള്ള അവകാശം പോലെ തന്നെ ബാധ്യതകളും നമ്മൾ ഏറ്റെടുക്കേണ്ടി വരും. അതിനാൽ അത്തരം രേഖകൾ എല്ലാം നന്നായി പരിശോധിച്ച് ഉറപ്പു വരുത്തുക. ആധാരത്തിന്റെ ഒറിജിനൽ പരിശോധിക്കുന്നതിന് പുറമെ വാങ്ങുന്ന വസ്തുവിന്റെ മുന്നാധാരങ്ങലും പരിശോധിക്കുക. മുന്നാധാരത്തിൽ പറഞ്ഞിട്ടുള്ള അളവ് തന്നെയാണോ നമുക്ക് ലഭിച്ച ആധാരത്തിലും ഉള്ളതെന്ന് നോക്കുക.
ആധാരത്തിൽ എന്തെങ്കിലും തെറ്റ് കണ്ടാൽ അത് തിരുത്തി വേണം മുന്നോട്ട് പോകാൻ. കുടുംബ അവകാശം വഴി ഒരാൾക്കു ലഭിച്ച വസ്തു ആണ് നമ്മൾ വാങ്ങുന്നതെങ്കിൽ അതിന്റെ നിയമവശങ്ങൾ എല്ലാം മനസിലാക്കണം .
വസ്തു വിറ്റ ആൾ അവസാനം കരം അടച്ചത് പരിശോധിക്കണം. ഏതെങ്കിലും തരത്തിൽ തർക്കമോ മറ്റോ ഉള്ള വസ്തു ആണെങ്കിൽ വില്ലേജ് ഓഫീസിൽ കരം ഒടുക്കാൻ സാധിക്കില്ല. ഈ പരിശോധന വഴി വസ്തുവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം നിലനിൽക്കുന്നുണ്ടോ എന്നറിയാം.
നിലം/ ചതുപ്പ് , പുരയിടം എന്നിങ്ങനെ പല വിഭാഗങ്ങളിലായാണ് വസ്തു റജിസ്റ്റർ ചെയ്തിരിക്കുക. നിലം എന്നെഴുതിയിരിക്കുന്ന വസ്തുവിൽ നിർമാണ പ്രവർത്തനങ്ങൾക്കു സർക്കാർ അനുമതി നൽകില്ല. അതിനാൽ നിർമാണത്തിനു യോഗ്യമായ വസ്തുവാണോ വാങ്ങിക്കുന്നതെന്ന് ഉറപ്പാക്കുക. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുവിനു എന്തെങ്കിലും കട ബാധ്യത ഉണ്ടോ മറ്റാർക്കെങ്കിലും പണയം വച്ചതാണോ എന്നു റപ്പാക്കേണ്ടതുണ്ട്.
പ്രമാണത്തിൽ ഉള്ള വസ്തുവിന്റെ അളവ് തന്നെ ആണോ നമ്മുക്ക് കിട്ടുന്നത് എന്ന് കൃത്യമായി അളന്നു തിട്ടപ്പെടുത്തുക. വഴിയുടെ കാര്യം കൃത്യമായി അളന്നുറപ്പാക്കിയില്ലെങ്കിൽ പിൽക്കാലത്തു അയൽവാസികളുമായി തർക്കങ്ങൾ ഉണ്ടായേക്കാം. ഇക്കാര്യങ്ങൾ എല്ലാം പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ നിങ്ങൾ സ്വന്തം പേരിൽ കരം അടച്ചു വസ്തു വാങ്ങാവൂ…