വീടിന്റെ പുറം കാഴ്ചയിലെ ഭംഗിക്കൊപ്പം അകത്തളങ്ങൾ ഒരുക്കുന്നതിലും ആളുകൾ ശ്രദ്ധിച്ചു തുടങ്ങിട്ട് അധിക കാലമായില്ല. ഭിത്തിയിലെ പെയ്ന്റിന്റെ നിറം മുതൽ അടുക്കളയിലെ വാർഡ്രോബിന് ഉപയോഗിക്കേണ്ട മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിനു വരെ ഒരു ഇന്റീരിയർ ഡിസൈനറുടെ സഹായം തേടുന്നതും അതുകൊണ്ടു തന്നെയാണ്. എന്നാൽ, ഇതേ കുറിച്ച് യാതൊരു അറിവും ഇല്ലാതെ പൂർണമായും മറ്റൊരാൾക്കു വിട്ടു കൊടുത്തുകൊണ്ടു മാറി നിന്നാൽ എളുപ്പത്തിൽ പറ്റിക്കപ്പെടാവുന്ന ഒരു മേഖലയാണ് ഇന്റീരിയർ ഡിസൈനിങ്. ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്റീരിയർ മേഖലയിലെ ചതിക്കുഴികളിൽ നിന്നു രക്ഷപെടാം.
വീട് പ്ലാൻ ചെയ്യുമ്പോൾ സ്ട്രക്ച്ചറിനൊപ്പം തന്നെ ഇന്റീരിയർ എങ്ങനെ വേണം എന്ന കാര്യത്തിലും ധാരണ ഉണ്ടായിരിക്കണം. വീട് പണി തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ഒരു ഇന്റീരിയർ ഡിസൈനറുമായി ബന്ധപ്പെടുകയും കൃത്യമായ തീരുമാനം എടുക്കുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. എന്ന പലരും ഫ്ളോറിങ് ഉൾപ്പെടെ കഴിഞ്ഞ ശേഷമാണു ഇന്റീരിയറിനെ കുറിച്ച് ചിന്തിക്കുന്നത്.
ഇന്റീരിയർ മേഖലയിൽ പ്രധാനമായും ആളുകൾ പറ്റിക്കപ്പെടുന്നത് മൂന്നു തരത്തിലാണ്. അതിൽ ആദ്യത്തേത് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോഴാണ്. കസ്റ്റമർ ആവശ്യപ്പെടുന്ന മെറ്റീരിയലിനു പകരം ഗുണമേന്മ കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ച് ഇന്റീരിയർ ഒരുക്കുന്ന ചുരുക്കം ചില പ്രസ്ഥാനങ്ങളുണ്ട്. എന്നാൽ കസ്റ്റമർക്ക് ഇതേ കുറിച്ച് അത്യാവശ്യം വിവരം ഉണ്ടെന്നു മനസിലായാൽ ഈ ചതി നടക്കില്ല.
അതിനായി ഇന്റീരിയർ ചെയ്യാൻ ഉപയോഗിക്കുന്ന ഓരോ മെറ്റീരിയലിന്റെയും ഗുണ ദോഷവശങ്ങൾ വിദഗ്ധരുടെ സഹായത്തോടെ അറിയുകയും അതനുസരിച്ച് വേണ്ടതെന്തെന്നു സ്വയം തീരുമാനം എടുക്കുകയും ചെയ്യുക. മെറ്റീരിയൽ വാങ്ങാൻ പോകുന്നതിനു മുൻപു തന്നെ അതേകുറിച്ച് വിശദമായി പഠിച്ച് വിലയിരുത്തുക. ഇതുവഴി, പൂർണമായും പ്രൊഡക്ട് തിരഞ്ഞെടുക്കുന്ന ചുമതല ഇന്റീരിയർ ഡിസൈനറെ ഏൽപ്പിക്കാതെ നിങ്ങൾക്ക് വേണ്ടത് എന്തെന്നു പറയാൻ കഴിയുകയും അതു തന്നെയാണ് ഉപയോഗിക്കുന്നതെന്ന് സ്വയം ഉറപ്പാക്കുകയും ചെയ്യാം
രണ്ടാമതായി കസ്റ്റമേഴ്സ് പറ്റിക്കപ്പെടുന്നത് മെറ്റീരിയലിനു നൽകുന്ന വാറന്റിയിലാണ്. ഒരു നല്ല കമ്പനി തീർച്ചയായും 5 വർഷത്തേക്ക് അല്ലെങ്കിൽ 10 വർഷത്തേക്കു വാറന്റി നൽകും. എന്നാൽ ചില കമ്പനികൾ യൂണിറ്റ് റീപ്ലേസ്മെന്റ് വാറന്റി നൽകാറുണ്ട്. എന്നാൽ ഒരിക്കലും ഒരു യൂണിറ്റ് മുഴുവനായി റീപ്ലേസ്മെന്റ് നടത്തി കിട്ടാറില്ല എന്നതാണ് സത്യം.
മെറ്റീരിയൽ വാങ്ങുന്ന സ്ഥാപനത്തെ കുറിച്ചും വ്യക്തമായി അറിയുക. അവരുടെ സർവീസിനെ കുറിച്ച് അന്വേഷണം നടത്തുക. മുൻപ് അവിടെ നിന്ന് മെറ്റീരിയൽസ് വാങ്ങിയിട്ടുള്ള ആളുകളുടെ ഫീഡ്ബാക്ക് എടുക്കുക. സർവീസ് എത്രവർഷത്തേക്കു സൗജന്യമായി ലഭിക്കുമെന്നു പ്രത്യേകം ചോദിച്ചു മനസിലാക്കുക. വാറന്റിയും ഗ്യാരന്റിയും ഉറപ്പാക്കി വേണം ഓരോ മെറ്റീരിയലും തിരഞ്ഞെടുക്കാൻ.
മെറ്റീരിയലിനെ കുറിച്ച തെറ്റായ വിവരം നൽകി പറ്റിക്കുന്നതാണ് ഈ മേഖലയിൽ നടക്കുന്ന മൂന്നാമത്തെ ചതി. ചില ഇന്റീരിയർ കമ്പനികൾ അവർ ഉപയോഗിക്കാത്ത മറ്റു മെറ്റീരിയലുകൾ മോശമാണെന്ന തെറ്റിദ്ധാരണ കസ്റ്റമറിനു കൊടുക്കും. ഉദാഹരണത്തിന് പ്ലൈവുഡ് മാത്രം ഉപയോഗിച്ച് വർക്ക് ചെയ്യുന്ന ഒരു ഇന്റീരിയർ സ്ഥാപനം മുൾട്ടിവുഡ് തീരെ മോശമാണെന്നു സ്ഥാപിക്കും. തിരിച്ചും അങ്ങനെ തന്നെ.എന്നാൽ എല്ലാ മെറ്റീരിയലിനും അതിന്റെതായ ഗുണദോഷങ്ങൾ ഉണ്ടെന്നതാണ് സത്യം. ഇവ കൃത്യമായി എവിടെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഗുണവും ദോഷവും മനസിലാക്കാൻ. കണ്ണടച്ച് ഒരു പ്രൊഡക്ടിനെ കുറ്റം പറയുക എന്നത് ഈ മേഖലയിൽ സാധാ രണ കാണുന്ന പ്രവണതയാണ്. യഥാർത്ഥത്തിൽ ഒരു ഇന്റീരിയർ സ്ഥാപനം അല്ലെങ്കിൽ ഇന്റീരിയർ ഡിസൈനർ എല്ലാ മെറ്റീരിയലിനെ കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കണം അതെ കുറിച്ച് കസ്റ്റമർക്ക് പറഞ്ഞു കൊടുക്കുകയും വേണം. നമ്മുടെ വീട്ടിൽ ഉപയോഗിക്കുനന് മെറ്റീരിയൽ ഏതാണെന്നു ചോദിച്ചു മനസിലാക്കാനുള്ള ഉത്തരവാദിത്തം ഓരോ കസ്റ്റമർക്കുമുണ്ട് .അത് കൃത്യമായി കസ്റ്റമറെ അറിയിക്കാനുള്ള ധാർമികമായ ഉത്തരവാദിത്തം ഇന്റീരിയർ ചെയ്യുന്നവർക്കുമുണ്ട് .
ഈ പറ്റിക്കപ്പെടലുകളിൽ നിന്ന് രക്ഷ നേടാൻ എന്താണ് പ്രതിവിധി
1 . വീട് പ്ലാൻ ചെയ്യുന്ന സമയത്തു തന്നെ ഇന്റീരിയർ പ്ലാൻ ചെയ്യുക.അതിനായി ഒരു ഇന്റീരിയർ സ്ഥാപനത്തെ അല്ലെങ്കിൽ ഒരു ഇന്റീരിയർ കൺസൾട്ടന്റിനെ സമീപിക്കുക. പ്രൊഡക്ടുകളെ കുറിച്ച് കൃത്യമായി അറിവുള്ളവരെ സമീപിക്കാൻ ശ്രദ്ധിക്കുക .
2 ഒരു ഇന്റീരിയർ സ്ഥാപനത്തെ സമീപിക്കുമ്പോൾ ആദ്യം തന്നെ നിങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി അവർക്കു പറഞ്ഞു കൊടുക്കുക. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചും ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ക്വാളിറ്റി അനുസരിച്ചും മാത്രമേ റേറ്റ് തീരുമാനിക്കാൻ കഴിയുകയുള്ളൂ. മറിച്ച് ഒരു നിശ്ചിത തുകക്കുള്ളിൽ ഇന്റീരിയർ തീർക്കണമെന്ന് മുൻകൂട്ടി പറഞ്ഞിട്ട് നിങ്ങളുടെ ആവശ്യങ്ങൾ അതിൽ ഉൾപ്പെടുത്തി ചെയ്യണമെന്നുണ്ടെങ്കിൽ പലപ്പോഴും മെറ്റീരിയൽസിന്റെ കാര്യത്തിൽ കോംപ്രോമൈസ് ചെയ്യേണ്ടി വരും.
3 . ഇന്റീരിയർ ചെയ്യാൻ ഉപയോഗിക്കുന്ന പ്രൊഡക്റ്റുകളെ കുറിച്ച് ആദ്യം തന്നെ സംസാരിച്ചു ധാരണ ആക്കുക. മെറ്റീരിയൽ വാങ്ങുമ്പോൾ കൂടെ പോകാൻ സാധിക്കുമെങ്കിൽ അത് ചെയ്യുക. അല്ലാത്ത പക്ഷം പണി തുടങ്ങുന്നതിനു മുൻപ് തന്നെ നിങ്ങൾ തീരുമാനിച്ച മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നതെന്ന് പരിശോധിച്ച് ബോധ്യപ്പെടുക . ഒരു വിദഗ്ധോപദേശം ഇക്കാര്യത്തിൽ തേടാവുന്നതാണ്.
4 .ഓരോ പ്രൊഡക്ടിന്റെയും വാറന്റി/ ഗ്യാരന്റി ചോദിച്ചറിയുക.
5 . കൃത്യമായി സർവീസ് ചെയ്യുന്ന കമ്പനി ആണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുറപ്പാക്കുക. എത്ര വർഷത്തേക്കാണ് അവർ സൗജന്യ സർവീസ് തരുന്നതെന്നും കമ്പനിയുടെ വാറന്റി/ ഗ്യാരന്റി നൽകുന്നതെന്നും ചോദിച്ചു മനസിലാക്കുക. ഒരു സ്ഥാപനം എല്ലാ പ്രൊഡക്ടിനും പൊതുവെ വാറന്റി തരാറില്ല. അതേക്കുറിച്ചും ചോദിച്ചറിയേണ്ടതുണ്ട്. മിക്കവാറും നല്ല കമ്പനികൾ വാറന്റി ലെറ്ററായി തരാറുണ്ട്. കൃത്യമായി വായിച്ചു നോക്കി അതിൽ ഉൾപ്പെട്ടിരിക്കുന്നവ എല്ലാം മനസിലാക്കി ബോധ്യപ്പെട്ടാൽ മാത്രം പണി അവർക്കു കൊടുക്കുക. വാറന്റി/ ഗ്യാരന്റി ലെറ്റർ ആയി തന്നെ വാങ്ങിക്കുക. വാക്കാലുള്ള വാറന്റിയെ വിശ്വസിക്കാതിരിക്കുക .
6 .മെറ്റീരിയലുകൾ മെഷീൻ ഉപയോഗിച്ച് പ്രസ്സിങ് യൂണിറ്റിൽ പ്രസ് ചെയ്തെടുത്തതാണോ എന്ന് മനസിലാക്കുക. മെഷീൻ പ്രെസ്സിങ് ആയിട്ടുള്ള പ്രൊഡക്ടിനു ഹാൻഡ് പ്രെസ്സിങ്ങിനെക്കാൾ ഡ്യൂറബിലിറ്റി കൂടുതൽ ആയിരിക്കും.
നമ്മുടെ വീടിനോട് മറ്റാരേക്കാളും ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. വീടുപണിയുമ്പോൾ പറ്റിക്കപ്പെട്ടാൽ അതിനു കാരണം നമ്മൾ തന്നെയാണ്. പണവും സമയവും സമാധാനവും നഷ്ട്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ഉത്തരവാദിത്തം ആദ്യം മുതൽ കാണിക്കുക.
2 Comments
Balamukundan M
Compact, informative and worthy.
editor
Thank you..