വീടിന്റെ പുറം കാഴ്ചയിലെ ഭംഗിക്കൊപ്പം അകത്തളങ്ങൾ ഒരുക്കുന്നതിലും ആളുകൾ ശ്രദ്ധിച്ചു തുടങ്ങിട്ട് അധിക കാലമായില്ല. ഭിത്തിയിലെ പെയ്ന്റിന്റെ നിറം മുതൽ അടുക്കളയിലെ വാർഡ്രോബിന് ഉപയോഗിക്കേണ്ട മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിനു വരെ ഒരു ഇന്റീരിയർ ഡിസൈനറുടെ സഹായം തേടുന്നതും അതുകൊണ്ടു തന്നെയാണ്. എന്നാൽ, ഇതേ കുറിച്ച് യാതൊരു അറിവും ഇല്ലാതെ പൂർണമായും മറ്റൊരാൾക്കു വിട്ടു കൊടുത്തുകൊണ്ടു മാറി നിന്നാൽ എളുപ്പത്തിൽ പറ്റിക്കപ്പെടാവുന്ന ഒരു മേഖലയാണ് ഇന്റീരിയർ ഡിസൈനിങ്. ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്റീരിയർ മേഖലയിെല ചതിക്കുഴികളിൽ നിന്നു രക്ഷപെടാം.
ഇന്റീരിയർ മേഖലയിൽ പ്രധാനമായും ആളുകൾ പറ്റിക്കപ്പെടുന്നത് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോഴാണ്. കസ്റ്റമർ ആവശ്യപ്പെടുന്ന മെറ്റീരിയലിനു പകരം ഗുണമേന്മ കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ച് ഇന്റീരിയർ ഒരുക്കുന്ന ചുരുക്കം ചില പ്രസ്ഥാനങ്ങളുണ്ട്. എന്നാൽ കസ്റ്റമർക്ക് ഇതേ കുറിച്ച് അത്യാവശ്യം വിവരം ഉണ്ടെന്നു മനസിലായാൽ ഈ ചതി നടക്കില്ല.
ഒാരോ മറ്റീരിയലിന്റെയും ഗുണ ദോഷവശങ്ങൾ വിദഗ്ധരുടെ സഹായത്തോടെ അറിയുകയും അതനുസരിച്ച് നമുക്ക് വേണ്ടതെന്തെന്നു സ്വയം തീരുമാനം എടുക്കുകയും ചെയ്യുക. മെറ്റീരിയൽ വാങ്ങാൻ പോകുന്നതിനു മുൻപു തന്നെ അതേകുറിച്ച് വിശദമായി പഠിച്ച് വിലയിരുത്തുക. ഇതുവഴി, പൂർണമായും പ്രൊഡക്ട് തിരഞ്ഞെടുക്കുന്ന ചുമതല ഇന്റീരിയർ ഡിസൈനറെ ഏൽപ്പിക്കാതെ നിങ്ങൾക്ക് വേണ്ടത് എന്തെന്നു പറയാൻ കഴിയുകയും അതു തന്നെയാണ് ഉപയോഗിക്കുന്നതെന്ന് സ്വയം ഉറപ്പാക്കുകയും ചെയ്യാം
പല മെറ്റീരിയലുകളും കൊള്ളില്ല എന്നു പറഞ്ഞ് ചില ഇന്റീരിയർ സ്ഥാപനങ്ങൾ ആളുകളെ പറ്റിക്കുന്നതായി കാണാം. ഉദാഹരണത്തിന് പ്ലൈവുഡ് ഉപയോഗിച്ച് മാത്രം ഇന്റീരിയർ ചെയ്തു കൊടുക്കുന്ന ഒരാൾ ചിലപ്പോൾ മറ്റു മെറ്റീരിയൽസ് ഈടു നിൽക്കില്ല എന്നു പറയും. എന്നാൽ വെള്ളത്തിന്റെ ഉപയോഗം കൂടുതൽ ഉള്ള അടുക്കളയിലെ സിങ്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്ലൈവുഡിനേക്കാൾ മികച്ചതാണ് പിവിസി. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണമെങ്കിൽ ഓരോ പ്രോഡക്ടിനെ കുറിച്ചും അത്യാവശ്യം ധാരണ ഉണ്ടായിരിക്കണം.
മെറ്റീരിയൽ വാങ്ങുന്ന സ്ഥാപനത്തെ കുറിച്ചും വ്യക്തമായി അറിയുക. അവരുടെ സർവീസിനെ കുറിച്ച് അന്വേഷണം നടത്തുക. മുൻപ് അവിടെ നിന്ന് മെറ്റീരിയൽസ് വാങ്ങിയിട്ടുള്ള ആളുകളുടെ ഫീഡ്ബാക്ക് എടുക്കുക. സർവീസ് എത്രവർഷത്തേക്കാണ് സൗജന്യമായി ലഭിക്കുമെന്നു പ്രത്യേകം ചോദിച്ചു മനസിലാക്കുക. കൂടാതെ വാറന്റിയും ഗ്യാരന്റിയും ഉറപ്പാക്കി വേണം ഓരോ മെറ്റീരിയലും തിരഞ്ഞെടുക്കാൻ.