മക്കൾ വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകൾ കേരളത്തിൽ ഇന്നുള്ളത് ? ഒറ്റക്ക് കഴിയുന്ന മാതാപിതാക്കളുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നപ്പെടുന്നവരും കുറവല്ല. മക്കൾക്കൊപ്പം നാട്ടിൽ കഴിയുന്ന മാതാപിതാക്കളുടെ സുരക്ഷയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും പാടില്ല.
പ്രായമായവർക്ക് ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന ഇടമാണു വീടുകളിലെ ബാത്ത്റൂമുകൾ. ബാത്റൂമുകളിൽ തെന്നിവീണ് അപകടങ്ങൾ ഉണ്ടാകുന്നത് പലവീടുകളിലും പതിവ് കാഴ്ച ആണ്. ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം.
ടോയ്ലറ്റിലേക്കു കയറുന്നതിനു തൊട്ടു മുൻപെയുള്ള ഭിത്തിയിൽ ഫ്ലോർ മൗണ്ടണ്ട് ലൈറ്റ് കൊടുക്കാൻ ശ്രദ്ധിക്കുക. ( ഭിത്തിയുള്ളിലേക്കു ചേർന്ന് കൊടുക്കുന്ന ലൈറ്റുകൾ). പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പ്രായമുള്ളവർക്കു സുരക്ഷിതമായി ബാത്ത്റൂമിലേക്ക് ചെല്ലാൻ ഇതു സഹായിക്കും. വാതിലിനോടു ചേർന്നുള്ള ചെറിയ ഭിത്തിയിൽ ലൈറ്റ് പിടിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. പരമാവധി എപ്പോഴും ആ ലൈറ്റുകൾ ഓൺ ആക്കി തന്നെയിടാൻ ശ്രദ്ധിക്കുക. ബഡ്ജറ്റ് അത്ര പ്രശ്നമില്ലാത്ത ആളുകളാണെങ്കിൽ ഒരു സെൻസർ പിടിപ്പിക്കുന്നതു നന്നായിരിക്കും. ബാത്ത് റൂമിൽ പോകാൻ ആളുകൾ അവിടേക്ക് എത്തുമ്പോൾ ഓട്ടോമാറ്റിക്കായി ആ ലൈറ്റുകൾ കത്തും. ഒന്നോ രണ്ടോ വാട്ട് ബൾബ് ഇടാൻ ശ്രദ്ധിക്കുക.
പ്രായമുള്ളവർ ഉപയോഗിക്കുന്ന ബാത്ത്റൂമിൽ വാതിലിനോട് ചേർന്നുള്ള ഏരിയയിൽ അല്പം താഴ്ചയിൽ ടൈൽ വിരിക്കുക ആണെങ്കിൽ ബാത്ത് റൂം കഴുകുമ്പോഴും മറ്റും അവിടെ നിന്നുള്ള വെള്ളം അൽപം പോലും പുറത്തേക്കു വരികയില്ല. അതുവഴി തെന്നി വീഴുന്നത് ഒഴിവാക്കാം ∙ ബാത്ത്റൂമിന്റെ തറയിൽ എപ്പോഴും മാറ്റ് ഫിനിഷ് ടൈൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ∙ മാറ്റ് ഫിനിഷ് ടൈൽ ഉപയോഗിക്കാതെ മുൻപ് പണിത ബാത്ത് റൂമുകൾ ആണെങ്കിൽ റബറിന്റെ ഫ്ലോർ മാറ്റുകൾ ഇടുക . അതിന്റെ ഗ്രിപ്പ് മൂലം തെന്നിവീഴുകയില്ല.
അത്യാവശ്യ വലിപ്പമുള്ള ബാത്ത് റൂമുകൾ വെറ്റ് ഏരിയ, ഡ്രൈ ഏരിയ എന്നിങ്ങനെ തിരിക്കുക. ∙വെറ്റ് ഏരിയയിൽ കുളിക്കുന്ന സ്ഥലത്തിനോടു ചേർന്ന ഭിത്തിയിൽ ഉറപ്പായും ഹാൻഡിൽ കൊടുക്കുക.ക്ലോസറ്റിനോടു ചേർന്ന് ഇരുവശത്തുമുളള ഭിത്തികളിലും ഹാൻഡിലുകൾ കൊടുക്കുക. ക്ലോസറ്റിൽ നിന്ന് 15 സെന്റീമീറ്റർ മാറിയായിരിക്കണം ഹാൻഡിലുകൾ കൊടുക്കേണ്ടത്. അത്യാവശ്യം ബലമുള്ള ഹാൻഡിലുകൾ ആയിരിക്കണം കുറച്ചൂടെ ബലം വേണമെന്നുള്ളവർക്കു യു ഷേപ്പ് ഹാൻഡിൽ കൊടുക്കാവുന്നതാണ്.
ക്ലോസറ്റ് 75–80 സെന്റീമീറ്റർ വലിപ്പം ഉണ്ടായിരിക്കണം. പ്രായമായവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ ഈ വലിപ്പം ആവശ്യമാണ്. വെറ്റ് ഏരിയ, ഡ്രൈ ഏരിയ എന്നിങ്ങനെ തിരിക്കുമ്പോൾ ടഫൻ ഗ്ലാസുകളോ ഷവർ കർട്ടനുകളോ ഉപയോഗിക്കുക. വെറ്റ് ഏരിയയിൽ നിന്നു ഡ്രൈ ഏരിയയിലേക്കു വെളളം വരാതെയിരിക്കാൻ ശ്രദ്ധിക്കുക. വീൽ ചെയറിൽ പോകുന്നവർ ഉള്ള വീടാണെങ്കിൽ ബാത്ത് റൂമിന്റെ വാതിലിന് അതിനനുസരിച്ചുള്ള വീതി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പണച്ചെലവോർത്തു താൽക്കാലിക ലാഭത്തിനായി ഇക്കാര്യങ്ങൾ അവഗണിക്കാതിരിക്കുക. ചെറിയ അശ്രദ്ധ വലിയ വിപത്തിനു കാരണമായേക്കാം