കോട്ടയം തിരുവഞ്ചൂരിലാണ് ജിജോ തോമസിന്റെയും കുടുംബത്തിന്റെയും ഈ സുന്ദര വീട്. വീട്ടുടമസ്ഥനായ ജിജോ തന്നെ ഡിസൈൻ ചെയ്ത ഇന്റീരിയർ ആണ് ഈ വീടിന്റെ പ്രത്യേകത. ജിജോയുടെ മനസിലെ ആശയങ്ങൾക്കു നിറംകൊടുത്തത് കോട്ടയത്തെ ആർഎം ഇന്റീരിയേഴ്സ് ആണ്. 1900 സ്ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള വീടിന്റെ ഇന്റീരിയർ ചെയ്യാൻ ആകെ ചെലവായത് 3,27,000 രൂപയാണ്.
വീടിന്റെ വാതിലുകളും ജനലുകളും സ്റ്റീലിന്റേതാണ്. വീട്ടിൽ തടി എടുക്കാനില്ലാതിരുന്നതും തടി പുറമെ നിന്നു വാങ്ങിക്കുന്നതിന്റെ വിലയും കണക്കൂകൂട്ടിയപ്പോൾ സ്റ്റീൽ എന്ന ഓപ്ഷനിലേക്കു മാറുകയായിരുന്നു. ആ തീരുമാനം ശരിയായിരുന്നു എന്ന് തേക്കിൻ തടിയുടെ ഫിനിഷിങ് തോന്നുന്ന വാതിലുകളും ജനലുകളും ഉറപ്പു നൽകുന്നു.
ലിവിങ് റൂമിലെ സെറ്റി പണിതിരിക്കുന്നതു തേക്കിലാണ്. പ്ലൈവുഡിൽ തീർത്തു തേക്ക് ലാമിനേഷൻ ഫിനിഷും വൈറ്റ് ലാമിനേഷൻ ഫിനിഷും ഉപയോഗിച്ചാണു ലിവിങ് റൂം പാർട്ടീഷൻ ചെയ്തിട്ടുളളത്. കബോർഡുകളും പ്ലൈവുഡിലാണ് തീർത്തിരിക്കുന്നത്.
അടുക്കള വാതിൽ പണിതത് പിവിസി ഉപയോഗിച്ചാണ്. അടുക്കളയിൽ 20 കബോർഡുകളാണുളളത്. കബോർഡുകളുടെ ഭിത്തിയോട് ചേർന്ന ഭാഗത്തു 6 എംഎം കനത്തിലുളള പിവിസി ബോർഡ് ആണ് ഒട്ടിച്ചു. അതിലേക്ക് മറൈൻ പ്ലൈവുഡ് ഉപയോഗിച്ചു ക്യാബിനറ്റ് പണിതു. ഈർപ്പം കെട്ടിനിൽക്കാതിരിക്കാനാണ്. പിവിസി ഉപയോഗിക്കുന്നത്.
ബെഡ്റൂമുകളിൽ ഈട്ടി ഫിനിഷ് പാറ്റേണിലുള്ള സ്കിൻ ഡോറുകളാണ് കൊടുത്തിട്ടുള്ളത്. അകത്തെ വാതിലുകൾ സ്കിൻ ഡോറുകൾ ആയതിനാൽ ചെലവ് കുറയ്ക്കാൻ സാധിച്ചു. മൂന്നു വാതിലുള്ള വാർഡ്രോബുകളും സ്റ്റഡി ഏരിയയും ഡ്രെസിങ് ടേബിളും ബെഡ്റൂമിൽ ഉൾപ്പെടുത്തിയിട്ടുള്ള്. ഏഴടി വലിപ്പത്തിലുള്ള വാർഡ്രോബുകളുടെ പുറംഭാഗത്ത് തേക്കിന്റെ ഗ്ലോസി ലാമിനേഷനും ഉളളിൽ വൈറ്റ് ലാമിനേഷനും കൊടുത്തു. 6 എംഎമ്മിന്റെ പിവിസി ബോർഡ് കൊടുത്ത് ഉൾഭാഗം സുരക്ഷിതമാക്കി. സ്റ്റഡി ഏരിയയിൽ പ്ലൈവുഡ് ഉപയോഗിച്ചാണ് ടേബിൾ ടോപ് ചെയ്തത്.
മാസ്റ്റർ ബെഡ്റൂമിന്റെ അതേ മാതൃകയിലാണ് ഈ വീട്ടിന്റെ മറ്റു ബെഡ്റൂമുകളും രൂപകൽപന ചെയ്തത്. ഡ്രെസിങ് ടേബിൾ മാത്രമാണ് മാസ്റ്റർ ബെഡ്റൂമിൽ കൂടുതലായി ഉളളത്.