തൃപ്പൂണിത്തുറ ഏരൂരിലാണ് ധനേഷ് – ആതിര ദമ്പതികളുടെ ദേവാലയ സ്ഥിതി ചെയ്യുന്നത്. ഒന്നര സെന്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പണിത മൂന്നുനില വീട്. ഏരൂർ സ്വദേശി തന്നെയായ പ്രവീൺ ആണ് ഈ വീടിന്റെ ആദ്യ ഉടമസ്ഥനും കോൺട്രാക്ടറും. അദ്ദേഹത്തിന്റെ പ്ലാൻ നെസ്റ്റ് എന്ന പ്രസ്ഥാനമാണ് ഈ വീട് നിർമിച്ചത്. പ്രവീണിൽ നിന്ന് 35 ലക്ഷം രൂപയ്ക്കാണ് ധനേഷ് ഈ വീട് വാങ്ങിക്കുന്നത്.
തടി കൊണ്ടു നിർമിച്ച കോളം ഡിസൈൻ ചെയ്തിട്ടുള്ള വാതിൽ ആണ് നമ്മളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത്. ലിവിങ് റൂമിലേക്കു കടന്നെത്തുമ്പോൾ ഇടതു വശത്തായി സോഫ ഇട്ടിരിക്കുന്നു.അതിനു സമീപത്തായി പൂജ മുറി ഒരുക്കിയിട്ടുണ്ട്. ഡൈനിങ്ങിനോട് ചേർന്ന് ഓപ്പൺ കിച്ചണും അതിന് വശത്തായി വാഷ് ഏരിയയും ഒരുക്കിയിരിക്കുന്നു.
എൽ ഷേപ്പ് കിച്ചൺ കൗണ്ടർ ടോപ്പ് ഒരുക്കിയിരിക്കുന്നത് ഗ്രാനൈറ്റ് ഉപയോഗിച്ചാണ്. സ്റ്റെയ്ൻലസ് സ്റ്റീൽ വച്ചാണ് സിങ്ക്
കൊടുത്തിട്ടുള്ളത്. മറൈൻ പ്ലൈവുഡ്, എച്ച്ഡിഎച്ച്എംആർ ഉപയോഗിച്ചാണ് കബോർഡുകൾ നിർമിച്ചത്.റെഗുലർ ഉപയോഗത്തിനായി മുകളിൽ വലതു വശത്തു മൂന്നു കബോർഡുകളും ചെറിയ പാത്രങ്ങൾ വയ്ക്കാൻ ചെറിയ ഓപ്പൺ സ്പോസും പണിതിട്ടുണ്ട്. മറുവശത്ത് സിങ്കിനു മുകളിലായി രണ്ടു കബോർഡുകളും സെറ്റ് ചെയ്തു. ഇതിനു മുകളിലായി സ്റ്റോറേജിനു വേണ്ടി ആറു കബോർഡുകൾ പണിതിട്ടുണ്ട്. അടുക്കളയിൽ താഴെ തറയോട് ചേർന്ന് മറ്റ് ആറു കബോർഡുകളും കൊടുത്തു. ചെറിയ അടുക്കള എന്ന പരിമിതിക്കുള്ളിൽ നിന്ന് ഒതുക്കമുളള എന്നാൽ വളരെ സൗകര്യപ്രദമായ രീതിയിലാണ് അടുക്കള പണിതിട്ടുള്ളത്. ഇത്രയും കാര്യങ്ങളാണ് ഏറ്റവും താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ടാമത്തെ നിലയിലേക്കു കടക്കുന്ന സ്റ്റെയർ കേസിനോടു ചേർന്ന ഭിത്തിയിൽ കാണുന്നത് വീട്ടുടമസ്ഥയായ ആതിര സ്വയം ചെയ്ത മനോഹരമായ പെയിന്റിങ്ങാണ്. സ്റ്റെയർ കയറി എത്തുന്ന ഇരുവശങ്ങളിലുമായാണു രണ്ടു ബെഡ് റൂമുകൾ. രണ്ടു റൂമിലുളളവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ കോമൺ ബാത്ത്റൂം ഇവയ്ക്കു നടുവിലായി സെറ്റ് ചെയ്തിട്ടുണ്ട്.
മാസ്റ്റർ ബെഡ്റൂമിൽ ഡബിൾ കോട്ട് കട്ടിലും വലിയ ഒരു അലമാരയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തേക്കിറങ്ങി കാറ്റു കൊള്ളാനും കാഴ്ചകൾ കാണാനും കൊടുത്തിട്ടുളള ബാൽക്കണി ആണ് ബെഡ്റൂമിൽ നിന്നുളള ഹൈലൈറ്റ്. അഞ്ചാറു പേർക്ക് ഒരുമിച്ചിരുന്നു സംസാരിക്കാൻ സാധിക്കുന്ന ബാൽക്കണി സിറ്റ് ഔട്ട് , മുറ്റം എന്നിവയില്ലാത്തതിന്റെ കുറവ് പരിഹരിക്കുന്നു.രണ്ടാമത്തെ ബെഡ്റൂമിനുള്ളിൽ ഒരു ഡ്രസിങ് റൂമും ഡബിൾ കോട്ട് കട്ടിലും കൊടുത്തിട്ടുണ്ട്.
മൂന്നാമത്തെ നിലയിലേക്കു കയറുമ്പോൾ രണ്ടാമത്തേതിനു സമാനമായ രീതിയിൽ രണ്ടു റൂമുകളും കോമൺ ബാത്ത്റൂമും ഒരുക്കിയിട്ടുണ്ട്. അതിഥികൾ വരുമ്പോൾ താമസിക്കാൻ ആണ് ഒരു മുറി ഉപയോഗിക്കുന്നത്. ബാൽക്കണിയും അതേ പോലെ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. മറ്റേ മുറി തൽക്കാലം വർക്ക് ഏരിയ ആയി ഉപയോഗിക്കുന്നു.