ഇതൊരു കൊച്ചു സ്വർഗമാണ്. നിറയെ ചെടികളും മരങ്ങളും പൂക്കളും പൂമ്പാറ്റകളും പക്ഷികളും കാറ്റും നിറഞ്ഞ സ്വർഗം പോലൊരു വീട്. കണ്ണിനും മനസിനും ഒരു പോലെ കുളിരേകുന്ന മണ്ണിനോട് ചേർന്നു ജീവിക്കാൻ കഴിയുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ വെട്ടൂർ എന്ന ഗ്രാമത്തിലാണ്. ശിൽപകലാ അധ്യാപകനായ വീട്ടുടമസ്ഥൻ പ്രിൻസ് തന്റെ കൈ കൊണ്ടു നിർമിച്ച പ്രകൃതിയോടിണങ്ങുന്ന വസ്തുക്കളാണ് വീടിന്റെ അകത്തും പുറത്തും ഭംഗി കൂട്ടുന്നത്.
പ്രകൃതി നമ്മളുടെ അടുത്തേക്ക് ഇറങ്ങി വരുന്ന പ്രതീതിയാണ് വീടിനടുത്തേക്കു ചെല്ലുന്തോറും അനുഭവപ്പെടുന്നത്. ജാപ്പനീസ് ടെക്നോളജി ആയ കോക്കഡാമ അഥവാ മോസ്ബോൾ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസരിച്ച് നിർമിച്ച് ചെടികൾ അതിമനോഹരമായി സെറ്റ് ചെയ്തു വീടിനുള്ളിൽ തൂക്കിയിട്ടിരിക്കുന്നു. ചെടിച്ചട്ടികൾ ഇല്ലാതെ ഇഷ്ടമുള്ള ആകൃതികളിൽ ചെടികൾ ഒരുക്കി നിർത്താവുന്ന രീതിയാണിത്. ചകിരിച്ചോറ്, പായൽ, ചരട്, ചണച്ചാക്ക് തുടങ്ങി പലവസ്തുക്കൾ കൊണ്ട് ഇവ നിർമിക്കാം. ഇതിന്റെ ഇൻസ്റ്റലേഷൻ ആർട്ട് എക്സിബിഷൻ നടത്തി പ്രിൻസ് ലിംക ബോൾ ഓഫ് റെക്കോർഡിൽ ഇടംനേടിയിരുന്നു.
പ്രകൃതിയോട് ഇണങ്ങി എങ്ങനെ ഇന്റീരിയർ ഒരുക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ വീട്. മറൈൻ പ്ലൈവുഡിൽ ബോക്സുകൾ പണിത് അവയ്ക്കു പുറമേ കാടുകളിൽ നിന്നു ശേഖരിച്ച തടികൾ പല ആകൃതികളിൽ മുറിച്ചത് പിടിപ്പിച്ച് അതിനു മുകളിലായി ചെടികൾ വച്ചിരിക്കുന്നു. ആർട്ടിഫിഷ്യൽ ലൈറ്റിലും ഇൻഡോർ ചെടികൾ വാടാതെ നിൽക്കുന്ന മനോഹര കാഴ്ച ഇവിടെ കാണാം.
പ്രിൻസ് സ്വയം നിർമ്മിച്ച ബുദ്ധ പ്രതിമ വീടിന് ഒരു സ്വാതിക ഭാവം കൂടി നൽകുന്നു. അച്ചൻകോവിലാർ, കല്ലാർ തുടങ്ങിയ ആറുകളിൽ നിന്നു പിടിക്കുന്ന മീനുകൾ തുറന്ന അക്വേറിയത്തിൽ കിടക്കുന്നു. വെള്ളപ്പൊക്കത്തിലും മറ്റും ഒഴുകി വരുന്ന കാലങ്ങളായി വെള്ളത്തിൽ കിടന്നു പ്രകൃതിയാൽ സീസണിങ് ആയ വേരുകളും മരത്തടികളും അകേറിയത്തിൽ നിറച്ച് അതിനുള്ളിലാണു മീനുകളെ ഇട്ടിരിക്കുന്നത്.
900 സ്ക്വയർ ഫീറ്റിൽ നിർമിച്ചിട്ടുള്ള വീട്ടിൽ സ്റ്റെയർ കേസിന്റെ വശങ്ങളിൽ നാച്ചുറൽ സ്റ്റോൺ വച്ചാണു കെട്ടിയിരിക്കുന്നത്. മെഷ് അടിച്ച് അതിനു മുകളില് ധാരാളം ചെടികൾ പിടിപ്പിച്ചിരിക്കുന്നു. മുകളിലെ ടെറസിൽ പലവിധ ചെടികളും ഹാങ്ങിങ്ങായും അല്ലാതെയും വച്ചിരിക്കുന്നു. വെള്ളവും സൂര്യപ്രകാശവും അധികം വേണ്ടാത്ത എയർ പ്ലാന്റുകളും ഈ വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നു. അന്തരീക്ഷത്തിലെ ഈർപ്പവും ധാതുലവണങ്ങളും ആഗിരണം ചെയ്യുന്ന ഇവയ്ക്ക് വല്ലപ്പോഴും കുറച്ചു വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും.
വീടിനു മുകളിൽ പണിതെടുത്തിരിക്കുന്നഏറുമാടമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. വിശ്രമവേളകൾ ആനന്ദകരമാക്കാൻ വീട്ടുകാർ ഈ ഏറുമാടത്തിലെത്താറുണ്ട്. അവിടെയിരുന്നു ഒരു കട്ടൻകാപ്പിയും കുടിച്ച് വർത്തമാനം പറയുന്ന സുഖം ഇവരുടെ വാക്കുകളിൽ തന്നെയുണ്ട്. വീടിനുള്ളിൽ മാത്രമല്ല ചുറ്റോടു ചുറ്റും ചെടികളുടെയും മരങ്ങളുടെയും പച്ചപ്പാണ്. അതുകൊണ്ടു തന്നെ ഏതു നട്ടുച്ചയ്ക്കും ഇവിടെ നല്ല തണുപ്പാണ്.