ഇന്നത്തെ കാലത്ത് സൗകര്യത്തിനൊപ്പം തന്നെ ആളുകൾ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് അടുക്കളയുടെ ഭംഗി. അടച്ചിട്ട് വീടിന്റെ മറ്റിടങ്ങളുമായി അധികം ബന്ധമില്ലാതെ പാചകത്തിനു മാത്രം ഉള്ള ഒരിടം എന്നതിൽ നിന്ന് വീട്ടിലെ മറ്റുള്ളവരെ കണ്ടും കേട്ടും പാചകം ചെയ്യാനുള്ള തുറന്ന ഒരിടം എന്ന നിലയിലേക്ക് നമ്മുടെ അടുക്കളകൾ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ട്രെൻഡിയായ ഓപ്പൺ കിച്ചണുകൾ വീടകങ്ങളിൽ ഇടംപിടിക്കുന്നു.
ഓപ്പൺ കിച്ചൺ ഗുണങ്ങൾ
ഭംഗിക്കു മാത്രമല്ല വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിക്കാനും ഓപ്പൺ കിച്ചൺ കോൺസപ്റ്റ് ആളുകൾ തിരഞ്ഞെടുക്കുന്നു.
സ്ഥല വിനിയോഗം തന്നെയാണ് ഓപ്പൺ കിച്ചണിന്റെ ഏറ്റവും വലിയ ഗുണം. ഓപ്പൺ കിച്ചൺ ചെയ്യുമ്പോൾ ലിവിങ് , ഡൈനിങ് , കിച്ചൺ ഇവ നമുക്ക് ഒരു വലിയ മുറിയിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും.
ഭിത്തിയുടെ വേർതിരിവ് ഇവയ്ക്കിടയിൽ ഇല്ലാത്തതു വഴി ഭിത്തി കെട്ടുന്നതിന്റെ പണച്ചെലവ് കുറയ്ക്കാൻ കഴിയും.
പാചകം ചെയ്യുന്ന ആൾക്ക് വീട്ടിലെ മറ്റംഗങ്ങളുമായി ആശയവിനിമയം നടത്താനും എടപെഴകാനും കഴിയും.
വളരെ പരിമിതമായ സൗകര്യം ഉള്ള വീടുകളിൽ ചെറിയ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്തു വഴി പാർട്ടീഷൻ നടത്തി ഓപ്പൺ കിച്ചൺ ഒരുക്കുമ്പോൾ അടുക്കളയ്ക്കും ഡൈനിങ്ങിനുമായി വലിയൊരു സ്ഥലം ഉപയോഗിക്കേണ്ടി വരുന്നില്ല.
വീടിനുള്ളിൽ കൂടുതൽ വായു സഞ്ചാരം ഉണ്ടാകും. നന്നായി വെളിച്ചം കടക്കും എന്നിവയൊക്കെ ഓപ്പൺ കിച്ചണിന്റെ ഗുണങ്ങളാണ്.
ദോഷങ്ങൾ
പാചകം ചെയ്യുന്നവയുടെ മണം വീടിന്റെ മറ്റിടങ്ങളിലേക്ക് എത്തുമെന്നതാണ് ഒരു ദോഷമായി കാണുന്നത്. മീൻ , ഇറച്ചി പോലെ മണമുളള വിഭവങ്ങൾ പാചകം ചെയ്യുന്നതിനായി ഓപ്പൺ കിച്ചണിനോട് ചേർന്ന് മറ്റൊരു വർക്കിങ് കിച്ചൺ ഉണ്ടെങ്കിൽ ഈ പരിമിതി മറികടക്കാം.
ദിവസവും ഉപയോഗിക്കുന്ന ഒാപ്പൺ കിച്ചൺ ആണെങ്കിൽ എല്ലായ്പോഴും വൃത്തിയും വെടിപ്പും ആയി ഇടാൻ ശ്രദ്ധിക്കുക. അതിനായി ദിവസവും സമയം മാറ്റി വയ്ക്കുക.