വീടിന്റെ ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതെന്നു ചോദിച്ചാൽ പ്ലൈവുഡ് എന്നു നിസംശയം പറയാം . അതിൽ തന്നെ മറൈൻ പ്ലൈവുഡ് 710 ആണ് ഹോം ഇന്റീരിയറിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വെള്ളം വീണാലും പ്രശ്നം വരാത്തതിനാൽ ഇത് ബിഡബ്യുപി (ബോയ്ലിങ് വാട്ടർ പ്രൂഫ് )മറൈൻ പ്ലൈവുഡ് എന്നും എന്നറിയപ്പെടുന്നു.
വെള്ളത്തിൽ ഉപയോഗിക്കാൻ പറ്റുന്ന പ്ലൈവുഡുകളെയാണ് മറൈൻ പ്ലൈവുഡുകൾ എന്നു പറയുന്നത്. യൂക്കാലിപ്റ്റസ്, സിൽവർ ഓക്ക്, ഗർജൻ തുടങ്ങിയ മരങ്ങളുടെ തടിയാണു മറൈൻ പ്ലൈവുഡ് ഉണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ പ്ലൈവുഡുകളെ മറൈൻ എന്ന വിഭാഗം ആക്കുന്നത് ഇതിലുപയോഗിക്കുന്ന പശയാണ്. ഫിനൈൽ ഫോർമാഡിഹൈഡ് ( Phenol formaldehyde) എന്ന പശ പ്രത്യേക അളവിൽ ഓരോ ലെയറിലും ചേർത്ത് അവസാനം ഹോട്ട് പ്രസ് ചെയ്തെടുക്കുന്ന പ്ലൈവുഡുകൾ ആണ് മറൈൻ പ്ലൈവുഡുകൾ.
സാധാരണ എട്ടടി നീളവും നാലടി വീതിയുമാണ് പ്ലൈവുഡിന്റെ സ്റ്റാൻഡേർഡ് സൈസ്. ( 32 സ്ക്വയർ ഫീറ്റ് ) കൂടാതെ 6 അടി നീളം– 4 അടി വീതി, 6 അടി നീളം– 3 അടി വീതി, 5 അടി നീളം– 4 അടി വീതി, 5 അടി നീളം– 3 അടി വീതി തുടങ്ങിയ അളവിലും ലഭ്യമാണ്.
3 എംഎം മുതൽ 18/19 വരെ കനത്തിൽ പ്ലൈവുഡുകൾ ലഭ്യമാണ്. കൂടാതെ കസ്റ്റമൈസ് ചെയ്ത് 25 /30 എംഎം വരെ പ്ലൈവുഡുകൾ ചെയ്തു കൊടുക്കാറുണ്ട്.
എന്നാൽ ഐഎസ്ഐ സ്റ്റാൻഡേർഡ് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പ്ലൈവുഡുകൾ വാങ്ങാൻ ശ്രദ്ധിക്കുക.
നല്ല ഗുണമേൻമയുള്ള മറൈൻ പ്ലൈവുഡുകൾ ദീർഘകാലം ഈടു നിൽക്കും. ഏതു തരത്തിലുള്ള നിറം ഉപയോഗിച്ചും മറൈൻ പ്ലൈവുഡ് ലാമിനേറ്റ് ചെയ്തു മനോഹരമാക്കാം. തടിയെ അപേക്ഷിച്ച് മറൈൻ പ്ലൈവുഡിനു തുക കുറവായിരിക്കും എന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.