മൾട്ടി വുഡ് എന്നു പേരിട്ടു വിളിക്കുന്ന പിവിസി ബോർഡ് യഥാർഥത്തിൽ എന്താണ്? പേരു കേൾക്കുമ്പോൾ തടി കൊണ്ടുള്ള ഉൽപന്നം എന്നു പലരും തെറ്റിധരിക്കുന്ന പിവിസി ബോർഡിന്റെ പൂർണരൂപം പോളി വിനൈൽ ക്ലോറൈഡ് ഫോം ബോർഡ് എന്നാണ്. പിന്നെന്തു കൊണ്ടു പിവിസി ബോർഡുകളെ മൾട്ടിവുഡ് എന്നു വിളിക്കുന്നു? തോംസൺ എന്ന കമ്പനിയുടെ പിവിസി ബോർഡ് ബ്രാൻഡ് ആണ് യഥാർഥത്തിൽ മൾട്ടിവുഡ്. കാലക്രമേണ എല്ലാ പിവിസി ബോർഡുകളും ജനങ്ങൾക്കിടയിൽ മൾട്ടിവുഡ് എന്ന് അറിയപ്പെടാൻ തുടങ്ങി എന്നതാണു വസ്തുത.
പിവിസി ബോർഡ് എന്തിനൊക്കെ ഉപയോഗിക്കാം?
സാധാരണ വീടുകളിൽ കബോർഡുകൾ പണിയാനാണു പിവിസി ബോർഡ് ഉപയോഗിക്കുന്നത്. ടിവി യൂണിറ്റിൽ റിമോർട്ട് ഉൾപ്പെടെ വയ്ക്കാനുള്ള സ്ഥലങ്ങൾ ചെയ്യാൻ പിവിസി ബോർഡുകൾ ഉപയോഗിക്കാം
പിവിസി ബോർഡിന്റെ ഗുണങ്ങൾ
തീപിടിക്കില്ലെന്നതാണു പിവിസി ബോർഡിന്റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളം നനഞ്ഞാൽ പ്രശ്നം ഉണ്ടാകില്ലെന്നതും പിവിസി ബോർഡുകളുടെ ഏറ്റവും വലിയ ഗുണമാണ്. പ്രളയ കാലത്തു വീടിനുള്ളിൽ വെള്ളം കയറുന്ന സ്ഥലങ്ങളിൽ വീടിനുള്ളിൽ പിവിസി ബോർഡുകൾ ഉപയോഗിച്ചു ധൈര്യമായി ഇന്റീരിയർ ചെയ്യാവുന്നതാണ്. വെള്ളം വീഴാൻ ഏറ്റവും സാധ്യതയുള്ള, വാഷ് ബേസിനു താഴെയുളള ഇടങ്ങളിൽ സംശയലേശമെന്യേ ഉപയോഗിക്കാം. ചിതലു പിടിക്കില്ല, പൂപ്പൽ പിടിക്കില്ല എന്നിവയും പിവിസിയുടെ എടുത്തു പറയേണ്ട ഗുണങ്ങളാണ്.
പിവിസി ബോർഡുകൾ വിപണിയിൽ പല നിറങ്ങളിൽ ലഭ്യമാണ്. വെള്ള നിറത്തിലുള്ള ബോർഡുകളിൽ ഓട്ടോ പെയിന്റ് ( വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെയിന്റ്) അടിച്ച് ഉപയോഗിക്കാം. ഫ്ലെക്സിബിലിറ്റി നന്നായി ഉള്ള പിവിസി ബോർഡുകൾ ആവശ്യമെങ്കിൽ വളച്ചെടുത്ത് ഉപയോഗിക്കാം. ആവശ്യമെങ്കിൽ പ്രിന്റഡ് വർക്കുകൾ ചെയ്യാമെന്നതും പിവിസി ബോർഡുകളുടെ പ്രത്യേകതയാണ്. മറ്റു പ്രോഡക്ടുകളെ അപേക്ഷിച്ച് വളരെ വേഗം പണി തീരുമെന്നതും പിവിസി ബോർഡിന്റെ ഗുണമാണ്..
പിവിസി ബോർഡിന്റെ ദോഷങ്ങൾ
സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി വളരെ കുറവാണ് എന്നതാണു പിവിസി ബോർഡുകളുടെ പ്രധാന ദോഷം. പിവിസി ബോർഡുകൾ കൊണ്ടു പണിത കബോർഡുകൾ കാലക്രമേള പൊളിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കിൽ വീണ്ടും അതു മുഴുവനായി പുതിയതു പണിയേണ്ടി വരും. പിവിസി ഒരിക്കലും നന്നാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കില്ല..
വളഞ്ഞുപോകാൻ സാധ്യത കൂടുതലുള്ള പ്രോഡക്ട് ആണു പിവിസി ബോർഡുകൾ. പ്രത്യേകിച്ച് എപ്പോഴും തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കബോർഡുകളുടെ വാതിലുകൾക്ക് ഉപയോഗിക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാകാം. പ്ലാസ്റ്റിക്ക് ആയതിനാൽ ചൂടും തണുപ്പും മാറി വരുന്ന കാലാവസ്ഥയിൽ അതിന്റേതായ ദോഷങ്ങൾ ഇതിനുണ്ടാകും.
സൈസുകൾ
4 എംഎം, 6 എംഎം, 12 എംഎം ,16 എംഎം, 18എംഎം ഇത്രയും കനങ്ങളിൽ പിവിസി ബോർഡുകൾ ലഭ്യമാണ്