ഒരു വീടിന്റെ അടുക്കള ഡിസൈൻ ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിന്റെ പ്രവർത്തനക്ഷമത തന്നെയാണ്. അടുക്കളയിൽ ജോലി ചെയ്യുന്ന ആളുടെ ജോലിഭാരം കുറയുന്ന തരത്തിലായിരിക്കണം ഓരോ അടുക്കളയും ഡിസൈൻ ചെയ്യേണ്ടത്.
വാഷിങ് ഏരിയ, കുക്കിങ് ഏരിയ, ഫ്രിഡ്ജ് ഈ മൂന്നിടങ്ങളാണ് അടുക്കളയിൽ ഏറ്റവും ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ട് ഇവ തമ്മിലുളള അകലം കുറച്ചു കൊണ്ടായിരിക്കണം അടുക്കളയുടെ ഡിസൈൻ. ആവശ്യമില്ലാതെ നടക്കുന്നത് ഒഴിവാക്കി ആയാസ രഹിതമായി അടുക്കളയിൽ പെരുമാറാൻ ഇത് വളരെ ഉപകരിക്കും.
കുക്കിങ് ഏരിയയുടെ മുകളിലായി ഇടതും വലതും വശങ്ങളിൽ രണ്ടു ക്യാബിനറ്റുകൾ കൊടുക്കേണ്ടത് ആവശ്യമാണ്. ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചാസാര , ഉപ്പ് , മുളക് തുടങ്ങി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുക്കൾ കൈയെത്തും ദൂരത്ത് എപ്പോഴും ഉണ്ടായിരിക്കുന്നത് ഏറ്റവും സൗകര്യപ്രദമാണ്.
സിങ്കിനടുത്തുള്ള ഭിത്തിയുടെ മുൻവശത്ത് ജനലുകൾ കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. സൂര്യപ്രകാശം കൂടുതൽ അതുവഴി ലഭിക്കുമ്പോൾ കഴുകുന്ന പാത്രങ്ങൾ നന്നായി വൃത്തിയായോ എന്നു കൃത്യമായി അറിയാൻ കഴിയും. കഴുകി വയ്ക്കുന്ന പാത്രങ്ങളിൽ നിന്നു പെട്ടെന്നു വെള്ളം വറ്റാനും ഇതു സഹായിക്കും.
കിച്ചൺ കൗണ്ടറിന്റെ ഉയരമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അടുക്കളയിൽ ഏറ്റവും കൂടുതൽ പെരുമാറുന്ന ആളിന്റെ ഉയരമായിരിക്കണം കിച്ചൺ കൗണ്ടർ ടോപ് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡം. 5 അടി മുതൽ 5.2 അടിവരെ ഉയരമുള്ള ഒരാൾക്ക് 80 സെന്റീമീറ്റർ ഉയരമുള്ള കൗണ്ടർടോപ് മതിയാകും. നല്ല ഉയരമുളള ഒരാൾക്ക് 90 സെന്റീമീറ്റർ ഉയരത്തിലുള്ള കൗണ്ടർ ടോപ് ആയിരിക്കും സുഖപ്രദമായി ജോലി ചെയ്യാൻ ഉതകുക.
ആവശ്യത്തിനു പവർപോയിന്റ്സ് അടുക്കളയിൽ ഉണ്ടായിരിക്കണം. നിലവിൽ ആവശ്യമുള്ള പവർപോയിന്റിനേക്കാൾ രണ്ടെണ്ണം കൂടുതൽ ഇടുന്നത് നല്ലതാണ്. ഭാവിയിൽ കൂടുതൽ ഉപകരണങ്ങൾ അടുക്കളയിലേക്കു വാങ്ങുമ്പോൾ ഈ സമയത്ത് പവർ പോയിന്റിന്റെ കുറവുണ്ടായാൽ എക്സ്റ്റൻഷൻ വയറുകൾ പിടിപ്പിക്കേണ്ടി വരും. അത് ഭംഗിയുള്ള കിച്ചണിനും ചേരുന്നതല്ല.